കണ്ണില്‍ പെടുന്നതിനേക്കാള്‍ കൂടുതല്‍
മെഷീന് ഓപ്പറേറ്റര്‍മാര്‍ക്ക് ഓരോ പ്രദേശവുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന ഒരു സാധാരണ അപകടമുണ്ട്- അപകടങ്ങള്‍ക്കുള്ള സാധ്യതയാണത്. കനത്ത യന്ത്രസാമഗ്രികളുടെ തിരിയുന്ന ചക്രങ്ങള്‍ക്കിടയില്‍ വിരലുകള്‍ കുടുങ്ങിപ്പോകുന്നതാണ് ഒരു സാധാരണ അപകടം; പ്രത്യേകിച്ച് തള്ളവിരല്‍ നഷ്ടപ്പെടുന്നത് വളരെ വേദനാജനകമാണ്. ഇത് തൊഴില്‍ അവസാനിപ്പിക്കുന്ന പരിക്ക് അല്ല, പക്ഷേ പെരുവിരലിന്റെ അഭാവം കാര്യങ്ങളെ മാറ്റുന്നു. നിങ്ങളുടെ തള്ളവിരല്‍ ഉപയോഗിക്കാതെ, പല്ല് തേക്കാനോ ഷര്‍ട്ട് ബട്ടണ്‍ ഇടാനോ മുടി ചീകാനോ ഷൂ കെട്ടാനോ ഭക്ഷണം കഴിക്കാനോ ഒന്നു ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിലെ അവഗണിക്കപ്പെട്ട ആ അവയവം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
സഭയിലെ സമാനമായ ഒരു സാഹചര്യം അപ്പൊസ്തലനായ പൗലൊസ് സൂചിപ്പിക്കുന്നു. പലപ്പോഴും കാണപ്പെടാത്തവരും ശബ്ദമില്ലാത്തവരുമായ ആളുകള്‍ ചിലപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് ''എനിക്ക് നിങ്ങളെ ആവശ്യമില്ല'' എന്ന പ്രതികരണം അനുഭവിക്കാറുണ്ട് (1 കൊരിന്ത്യര്‍ 12:21). സാധാരണയായി ഇതാരും പറയാറില്ല, എന്നാല്‍ ഇത് ഉറക്കെ പറയുന്ന സമയങ്ങളുമുണ്ട്.
പരസ്പരം തുല്യ പരിഗണനയും ആദരവും പുലര്‍ത്താന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു (വാ. 25). നമ്മില്‍ ഓരോരുത്തരും ലഭിച്ചിരിക്കുന്ന വരങ്ങളുടെ അളവ് പരിഗണിക്കാതെ തന്നെ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണ് (വാ. 27), നമുക്ക് പരസ്പരം ആവശ്യമാണ്. നമ്മില്‍ ചിലര്‍ കണ്ണും ചെവിയുമാണ്, അതുപോലെ നമ്മില്‍ ചിലര്‍ തള്ളവിരലുകള്‍ ആണ്. എന്നാല്‍ നാം ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ചിലപ്പോള്‍ കണ്ണില്‍ പെടുന്നതിനേക്കാള്‍ കൂടുതല്‍.
ഇരുവര്‍ നല്ലത്
1997-ല്‍ ഹവായിയില്‍ നടന്ന 'അയണ്മാന് ട്രയാത്ലോണില്' (സൈക്ലിംഗ്, നീന്തല്‍, ദീര്‍ഘദൂര ഓട്ടം എന്നിവ ഉള്‍പ്പെടുന്ന ഒരു കായികവിനോദം) രണ്ട് സ്ത്രീകള്‍ ഫിനിഷ് ലൈനിലേക്ക് കുതിച്ചുകയറുന്നതിനിടയില്‍ ക്ഷീണിതരായി. ഇടറുന്ന കാലുകളോടെ സിയാന് വെല്‍ഷ്, വെന്‍ഡി ഇന്‍ഗ്രാഹാമിനെ ചെന്നിടിച്ചു. ഇരുവരും നിലത്തു വീണു. എഴുന്നേല്ക്കാന് ശ്രമിച്ച രണ്ടുപേരും ഫിനിഷ് ലൈനില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ വീണ്ടും മുന്നോട്ട് ഇടറിവീണു. വെന്‍ഡി മുന്നോട്ട് ഇഴഞ്ഞപ്പോള്‍ കാണികള്‍ കരഘോഷം നടത്തി. അവളുടെ എതിരാളി അതേപടി പിന്തുടര്ന്നപ്പോള് അവര്‍ ഉച്ചത്തില്‍ ആഹ്ലാദിച്ചു. വെന്‍ഡി നാലാം സ്ഥാനത്ത് ഫിനിഷ് ലൈന്‍ മറികടന്ന് തന്റെ പിന്തുണക്കാരുടെ നീട്ടിയ കൈകളിലൊതുങ്ങി. പിന്നെ അവള് തിരിഞ്ഞു വീണുപോയ അവളുടെ സഹോദരിയുടെ അടുത്തെത്തി. സിയാന് അവളുടെ ശരീരം മുന്നോട്ട് നീക്കി, ക്ഷീണിച്ച കരം ഫിനിഷ് ലൈനിന് അപ്പുറത്ത് വെന്‍ഡിക്കു നേരെ നീട്ടി. അഞ്ചാം സ്ഥാനത്ത് അവള് ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കാണികള്‍ അവരുടെ അംഗീകാരം പ്രകടിപ്പിച്ച് ആര്‍ത്തലച്ചു.
140 മൈല്‍ ദൈര്‍ഘ്യമുള്ള ഓട്ടം ഈ ജോഡി പൂര്‍ത്തിയാക്കിയത് പലര്‍ക്കും പ്രചോദനമായി. എന്നാല്‍ ക്ഷീണിതരായ ഈ മത്സരാര്‍ത്ഥികളുടെ രൂപം, സഭാപ്രസംഗി 4:9-11 ലെ ജീവശക്തി നല്കുന്ന സത്യം സ്ഥിരീകരിച്ചുകൊണ്ട് എന്റെ മനസ്സില്‍ പതിഞ്ഞുകിടന്നു.
ജീവിതത്തില്‍ നമുക്ക് സഹായം ആവശ്യമാണെന്ന് സമ്മതിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല (വാ. 9), പ്രത്യേകിച്ചും നമുക്ക് നമ്മുടെ ആവശ്യങ്ങള്‍ സത്യസന്ധമായി നിരസിക്കാനോ അവയെല്ലാം അറിയുന്ന ദൈവത്തില്‍ നിന്ന് മറയ്ക്കാനോ കഴിയില്ല എന്നതിനാല്‍. ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍, നാമെല്ലാവരും ശാരീരികമോ വൈകാരികമോ ആയി വീണുപോകാം. നാം തനിച്ചല്ലെന്ന് അറിയുന്നത് സ്ഥിരതയോടെ മുന്നോട്ടുപോകുന്നതിന് നമ്മെ ആശ്വസിപ്പിക്കും. നമ്മുടെ സ്നേഹനിധിയായ പിതാവ് നമ്മെ സഹായിക്കുന്നതുപോലെ, ആവശ്യമുള്ള മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ അവിടുന്ന് നമ്മെ ശക്തിപ്പെടുത്തിക്കൊണ്ട് അവരും തനിച്ചല്ലെന്ന് സ്ഥിരീകരിക്കുന്നു.
പദ്ധതി തടസ്സപ്പെട്ടു
ഒരു സ്പീച്ച് തെറാപ്പിസ്റ്റാകാനുള്ള ജെയിന്റെ പദ്ധതി അവസാനിച്ചു. ജോലി അവള്‍ക്ക് വൈകാരികമായി വെല്ലുവിളിയാണെന്ന് ഇന്റേണ്‍ഷിപ്പില്‍ മനസ്സിലായതോടെയായിരുന്നു അത്. തുടര്‍ന്ന് ഒരു മാസികയ്ക്കുവേണ്ടി എഴുതാനുള്ള അവസരം അവള്‍ക്കു ലഭിച്ചു. ഒരു എഴുത്തുകാരിയെന്ന നിലയില്‍ അവള് ഒരിക്കലും തന്നെ കണ്ടിരുന്നില്ല, എങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം അവള് തന്റെ എഴുത്തിലൂടെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവളായി മാറി. ''തിരിഞ്ഞുനോക്കുമ്പോള്‍, ദൈവം എന്റെ പദ്ധതികള്‍ മാറ്റിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി,'' അവള് പറയുന്നു. ''എനിക്കായി ഒരു വലിയ പദ്ധതി അവന്റെ പക്കല്‍ ഉണ്ടായിരുന്നു.''
തകരാറിലായ പദ്ധതികളെക്കുറിച്ചുള്ള നിരവധി കഥകള്‍ ബൈബിളിലുണ്ട്. തന്റെ രണ്ടാമത്തെ മിഷനറി യാത്രയില്‍, സുവിശേഷവുമായി ബിഥുന്യയിലേക്ക് പോകുവാന്‍ പൗലൊസ് ശ്രമിച്ചുവെങ്കിലും യേശുവിന്റെ ആത്മാവ് അവനെ തടഞ്ഞു (പ്രവൃ. 16:6-7). ഇത് ദുരൂഹമായി തോന്നിയിരിക്കണം: ദൈവം നല്കിയ ദൗത്യത്തിന് അനുസൃതമായ പദ്ധതികളെ യേശു തടസ്സപ്പെടുത്തിയത് എന്തുകൊണ്ട്? ഒരു രാത്രി സ്വപ്നത്തില്‍ ഉത്തരം വന്നു: മാസിഡോണിയയ്ക്ക് അവനെ കൂടുതല്‍ ആവശ്യമുണ്ട്. അവിടെ പൗലൊസ് യൂറോപ്പിലെ ആദ്യത്തെ സഭ സ്ഥാപിച്ചു. ശലോമോന് ഇപ്രകാരം നിരീക്ഷിച്ചു, ''മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ട്്്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും'' (സദൃശവാക്യങ്ങള്‍ 19:21).
പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് വിവേകപൂര്‍ണ്ണമാണ്. ഇപ്രകാരം ഒരു ചൊല്ലുണ്ട്, ''ആസൂത്രണം ചെയ്യുന്നതില്‍ പരാജയപ്പെടുന്നവന് പരാജയപ്പെടാന്‍ പദ്ധതിയിടുന്നു.'' എന്നാല്‍ ദൈവം നമ്മുടെ പദ്ധതികളെ തന്റേതായ രീതിയില്‍ തടസ്സപ്പെടുത്തിയേക്കാം. ദൈവത്തെ വിശ്വസിക്കാന്‍ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് നാം ചെയ്യേണ്ടത്. നാം അവന്റെ ഹിതത്തിനു കീഴ്പെടുകയാണെങ്കില്, നമ്മുടെ ജീവിതത്തിനായുള്ള അവിടുത്തെ ഉദ്ദേശ്യവുമായി യോജിക്കുന്നതായി നാം കണ്ടെത്തും.
നാം പദ്ധതികള്‍ തയ്യാറാക്കുന്നത് തുടരുമ്പോള്‍, നമുക്ക് ഒരു പുതിയ കാര്യം ചേര്‍ക്കാന്‍ കഴിയും: കേള്‍ക്കാന്‍ പദ്ധതിയിടുക. ദൈവത്തിന്റെ പദ്ധതി കേള്‍ക്കുക.
വൈദ്യുതി പ്രവഹിക്കുന്ന കമ്പി
'ഞാന്‍ ഒരു കറന്റ് കമ്പിയില്‍ തൊട്ടതുപോലെ എനിക്ക് തോന്നി,'' പള്ളിയില്‍ വച്ച് ദൈവവുമായുള്ള ആദ്യ കണ്ടുമുട്ടലിനെക്കുറിച്ച് പ്രൊഫസര്‍ പറഞ്ഞു. ഈ സ്ഥലത്ത് എന്തോ സംഭവിക്കുന്നു, അവള് വിചാരിച്ചു. അത് എന്താണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. മുമ്പ് നിരീശ്വരവാദിയായ അവളുടെ ലോകവീക്ഷണം അമാനുഷികതയുടെ സാധ്യതയ്ക്ക് വഴിമാറിയ നിമിഷമായി അവള് അതിനെ വിളിക്കുന്നു. ക്രമേണ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യത്തില്‍ അവള് വിശ്വസിച്ചു.
ഒരു വൈദ്യുത കമ്പിയില്‍ തൊടുക - യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു മലമുകളിലേക്കു പോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടപ്പോള്‍ അവര്‍ക്ക് അനുഭവപ്പെട്ടത് അങ്ങനെയാണ്. ക്രിസ്തുവിന്റെ ''വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി'' (മര്‍ക്കോസ് 9:3) ഏലിയാവും മോശയും അവര്‍ക്കു പ്രത്യക്ഷമായി - യേശുവിന്റെ മറുരൂപപ്പെടല്‍ എന്ന് ഇന്നു നാം വിളിക്കുന്ന സംഭവമായിരുന്നു അത്.
മലയില്‍ നിന്ന് ഇറങ്ങിവന്ന യേശു ശിഷ്യന്മാരോട് താന്‍ ഉയിര്ത്തെഴുന്നേല്ക്കുന്നതുവരെ കണ്ട കാര്യങ്ങള്‍ ആരോടും പറയരുതെന്ന് പറഞ്ഞു (വാ. 9). എന്നാല്‍ ''മരിച്ചവരില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുക'' എന്നതുകൊണ്ട് അവന് എന്താണ് ഉദ്ദേശിച്ചതെന്ന് അവര്‍ക്കറിയില്ലായിരുന്നു (വാ. 10).
യേശുവിനെക്കുറിച്ചുള്ള ശിഷ്യന്മാരുടെ ധാരണ നിരാശാജനകമാംവിധം അപൂര്‍ണ്ണമായിരുന്നു, കാരണം അവന്റെ മരണവും പുനരുത്ഥാനവും ഉള്‍പ്പെടുന്ന ഒരു അന്ത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഒടുവില്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവുമായുള്ള അവരുടെ അനുഭവങ്ങള്‍ അവരുടെ ജീവിതത്തെ തീര്‍ത്തും രൂപാന്തരപ്പെടുത്തി. തന്റെ പില്ക്കാല ജീവിതത്തില്‍, ക്രിസ്തുവിന്റെ മറുരൂപപ്പെടലിനു ദൃക്സാക്ഷിയായതിനെ, ശിഷ്യന്മാര് ആദ്യമായി ''അവന്റെ മഹിമയുടെ ദൃക്സാക്ഷികളായ'' സംഭവമായി പത്രൊസ് വിശേഷിപ്പിച്ചു (2 പത്രൊസ് 1:16).
പ്രൊഫസറും ശിഷ്യന്മാരും പഠിച്ചതുപോലെ, യേശുവിന്റെ ശക്തി നാം അനുഭവിക്കുമ്പോള്‍ നാം ഒരു ''ഒരു വൈദ്യുത കമ്പിയില്‍'' തൊടുകയാണ്. അവിടെ എന്തോ സംഭവിക്കുന്നു. ജീവനുള്ള ക്രിസ്തു നമ്മെ വിളിക്കുന്നു.
പൂര്‍ണ്ണമായി അറിയപ്പെട്ടത്
'നിങ്ങള്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കരുത്. മുകളില്‍ ആരോ നിങ്ങളെ അന്വേഷിക്കുന്നു.'' ചെങ്കുത്തായ പര്‍വത മലയിടുക്കിന്റെ അരികില്‍ നിന്ന് കാര്‍ വലിച്ചെടുത്തശേഷം ടയര്‍ ഉരഞ്ഞ പാടുകള്‍ പഠിച്ചുകൊണ്ട് ട്രക്ക് ഡ്രൈവര്‍ എന്റെ അമ്മയോട് പറഞ്ഞു. ആ സമയത്ത് അമ്മ എന്നെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഞാന്‍ വളരുമ്പോള്‍, ആ ദിവസം ദൈവം നമ്മുടെ രണ്ടു ജീവനുകള്‍ രക്ഷിച്ചതിന്റെ കഥ അവള് പലപ്പോഴും വിവരിക്കുമായിരുന്നു. ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം എന്നെ വിലമതിച്ചിരുന്നുവെന്ന് അവള് എനിക്ക് ഉറപ്പ് നല്കി.
നമ്മളാരും സര്‍വ്വജ്ഞനായ (എല്ലാം അറിയുന്ന) സ്രഷ്ടാവിന്റെ ശ്രദ്ധയില്‍ നിന്ന് മറഞ്ഞിരിക്കുന്നില്ല. 2,500 ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അവന് യിരെമ്യാ പ്രവാചകനോട് പറഞ്ഞു, ''നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിനു മുമ്പെ ഞാന്‍ നിന്നെ അറിഞ്ഞു'' (യിരെമ്യാവ് 1:5). ഏതൊരു വ്യക്തിയെക്കാളും കൂടുതല്‍ അടുത്ത് ദൈവം നമ്മെ അറിയുന്നു, മറ്റേതില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ ജീവിതത്തിന് ലക്ഷ്യവും അര്‍ത്ഥവും നല്കാന് അവനു കഴിയും. അവിടുന്ന് തന്റെ ജ്ഞാനത്തിലൂടെയും ശക്തിയിലൂടെയും നമ്മെ രൂപപ്പെടുത്തിയെന്നു മാത്രമല്ല, നമ്മുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷവും നമ്മെ നിലനിര്‍ത്തുകയും ചെയ്യുന്നു - നമ്മുടെ അവബോധമില്ലാതെ ഓരോ നിമിഷവും സംഭവിക്കുന്ന വ്യക്തിഗത വിശദാംശങ്ങള്‍ ഉള്‍പ്പെടെ അവന് അറിയുന്നു. അതായത് നമ്മുടെ ഹൃദയമിടിപ്പു മുതല്‍ നമ്മുടെ തലച്ചോറിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനം വരെ അവനറിയുന്നു. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളും എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നതിനെക്കുറിച്ച് ദാവീദ് ഉദ്ഘോഷിച്ചു, ''ദൈവമേ, നിന്റെ വിചാരങ്ങള്‍ എനിക്ക് എത്ര ഘനമായവ!'' (സങ്കീര്‍ത്തനം 139:17).
നമ്മുടെ അവസാന ശ്വാസത്തേക്കാള്‍ ദൈവം നമ്മോട് കൂടുതല്‍ അടുത്തിരിക്കുന്നു. അവന് നമ്മെ സൃഷ്ടിച്ചു, അവന് നമ്മെ അറിയുന്നു, നമ്മെ സ്നേഹിക്കുന്നു, നമ്മുടെ ആരാധനയ്ക്കും പ്രശംസയ്ക്കും അവന് എപ്പോഴും യോഗ്യനാണ്.